കേളി
കേളി കലാസാംസ്കാരിക വേദി

മറഞ്ഞിരിക്കുന്ന കുതന്ത്രം

ഷരീഫ്‌ പൈക്കാടന്‍

ആറാം അണുശക്തിയായി തീര്‍ന്നെണ്റ്റെ വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ

ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍ ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്യം!” (ഒളപ്പമണ്ണ)

1974-ലെ ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിനു ശേഷം കവി എഴുതിയതാണ്‌ ഈ വരികള്‍. മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷവും ഈ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 1974-ലും 98-ലും ഇന്ത്യ സ്വന്തമായി ആണവ പരീക്ഷണങ്ങള്‍ നടത്തി. ആണവ ഇന്ധനത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന 17 റിയാക്ടറുകളും തോറിയം എന്ന മൂലകത്തിണ്റ്റെ സമ്പന്നമായ നിക്ഷേപവും നമ്മുടെ രാജ്യത്തിനുണ്ട്‌. എന്നിട്ടും ഉത്പാദിപ്പിക്കുന്ന മൊത്തം ഊര്‍ജ്ജത്തിണ്റ്റെ അഞ്ച്‌ ശതമാനത്തിന്‌ താഴെ മാത്രമേ ആണവ മേഖലയില്‍ നിന്ന്‌ ലഭിക്കുന്നുള്ളൂ. എന്താണ്‌ കാരണമെന്ന്‌ ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ കണക്കിലെ കളികള്‍ക്കപ്പുറത്ത്‌ ചില വസ്തുതകള്‍ കാണാം.

ഭാരതത്തെപ്പോലെ ഒരു കാര്‍ഷിക സംസ്കൃതിക്ക്‌ അതിണ്റ്റെ അടിസ്ഥാനപരമായ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ അമേരിക്കയോ, മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെയോയുള്ള ഒരു വികസിത വ്യവസായികരാജ്യത്തിണ്റ്റെ ഊര്‍ജ്ജസംഭരണ മാതൃക കടം കൊള്ളേണ്ടേതുണ്ടോ? സ്വാതന്ത്യ്രാനന്തര ഭാരതം ചേരിചേരാനയം സ്വീകരിച്ചപ്പോള്‍ തന്നെ “നെഹ്‌റുവിയന്‍ സോഷ്യലിസ”മെന്ന ഓമനപ്പേരില്‍, അറിയപെടുന്ന റഷ്യയുമായുണ്ടായിരുന്ന അടുപ്പം യാദൃശ്ചികമായിരുന്നില്ല. രണ്ട്‌ കാര്‍ഷിക സംസ്കാരങ്ങള്‍ തമ്മിലുള്ള സ്വാഭാവിക ജനിതക യോജിപ്പ്‌ ഇരു രാജ്യങ്ങളിലേയും ജനങ്ങളെ മാനസിക യോജിപ്പിലെത്തിച്ചു. അതൊന്നും രാഷ്രീയ ധ്രുവീകരണത്തിണ്റ്റെ വഴിയിലൂടെയല്ല മറിച്ച്‌ മാനസിക കൂടുച്ചേരലായിരുന്നു. നെഹ്‌റുവിനെപ്പോലെയുള്ള ഒരു നയതന്ത്രജ്ഞന്‌ ഈ യോജിപ്പ്‌ കാണാതിരിക്കാനാവുമായിരുന്നില്ല.

ഇന്ത്യയുടെ പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താത്ത കെടുകാര്യസ്ഥതയാണിന്നുള്ളത്‌. ഫോസില്‍ ഇന്ധനങ്ങളല്ലാത്ത, പാരമ്പര്യേതര, ജലഊര്‍ജ്ജസ്രോതസ്സുകള്‍ അതിണ്റ്റെ തന്ത്രപരമായ വിന്യാസത്തിണ്റ്റെ അഭാവം മൂലം കാര്യമായ ഊര്‍ജ്ജോത്പാതനം നടത്തുന്നില്ല. പുതിയ ലോകക്രമത്തില്‍ അടിസ്ഥാന വികസനത്തിനു വേണ്ടിവരുന്ന ഊര്‍ജ്ജത്തിണ്റ്റെ ലഭ്യത-അളവ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്‌. പക്ഷേ ഈ അനുപാതങ്ങളെ സമീകരിക്കാന്‍ വേണ്ടി മറ്റ്‌ രാജ്യങ്ങളിലുള്ള കോര്‍പറേറ്റുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ആത്യന്തികമായി എന്ത്‌ സംഭവിക്കുന്നുന്നു എന്നത്‌ മഹാരാഷ്ട്രയിലെ ‘എന്‍റോണ്‍’ പദ്ധതി ഓര്‍മ്മപ്പെടുത്തുന്നു.

മറ്റൊരു കാര്യം, ആറ്റമിക ഊര്‍ജ്ജം ഒരു ഇന്ധനമെന്ന രീതിയില്‍ ഒരു കാലത്തും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല എന്നാണ്‌. ലോക രാഷ്ട്രീയത്തില്‍ സൈനിക ആവശ്യങ്ങളുടെ മുന്‍പന്തിയില്‍ തന്നെയായിരുന്നു ആണവോര്‍ജ്ജത്തിണ്റ്റെയും സ്ഥാനം. അമേരിക്ക ഇനി “സൈനികേതര ആവശ്യങ്ങള്‍ക്കും ആണവ ഊര്‍ജ്ജത്തെ ഉപയോഗിക്കാം” എന്നൊരു പ്രഖ്യാപനം നടത്തിയതു വഴി രാഷ്ട്രീയമായി ആണവോര്‍ജ്ജത്തിനുണ്ടായിരുന്ന ‘ചീത്തപ്പേര്‌’ ഇല്ലതാകില്ല. ആണവ ഊര്‍ജ്ജത്തെ സൈനികവും സൈനികേതരമെന്നും വിഭജിക്കാന്‍ കഴിയില്ലെന്നാണ്‌ ഇന്ത്യന്‍ ശാസ്ത്രജ്ഞരും പറയുന്നത്‌. ചുരുക്കത്തില്‍ സമ്പുഷ്ട യുറേനിയവും ഊര്‍ജ്ജത്തെ വേര്‍തിരിച്ചെടുക്കുന്ന റിയാക്ടറുകളും സൌജന്യമായി കിട്ടിയാല്‍ പോലും അതില്‍നിന്ന്‌ വൈദ്യുതി മാത്രമാണ്‌ ഉണ്ടാവുകയെന്ന്‌ ഉറപ്പ്‌ പറയാനാവില്ലെന്നാണ്‌ ശാസ്ത്രലോകം പറയുന്നത്‌. ഈ കാരണങ്ങള്‍ കൊണ്ടൊക്കെയായിരിക്കണം ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ വാണിജ്യപരമായി ആണവ ഇന്ധനത്തിണ്റ്റെ സംഭാവന തുലോം കമ്മിയായത്‌.

പക്ഷേ ആണവോര്‍ജ്ജം, ഒരു ഊര്‍ജ്ജ സ്രോതസ്സ്‌ എന്ന നിലയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊര്‍ജ്ജത്തിണ്റ്റെ ആവശ്യങ്ങളെ ദൂരവ്യാപകമായി മുന്നോട്ട്‌ നയിക്കാന്‍ സഹായകരമാണെന്ന്‌ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ എല്ലാ ഊര്‍ജ്ജ മേഖലയിലുമായി ഉത്പാദിച്ചത്‌ 1,30,000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. ആണവ ഇന്ധനം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായാല്‍ വര്‍ഷത്തില്‍ 16,000 മെഗാവാട്ട്‌ കൂടി അധികം കണ്ടെത്താനാവും. ഈ കണക്കില്‍ 2011-12ഓടു കൂടി രാജ്യത്തിണ്റ്റെ വൈദ്യുതി ഉത്പാദനം ആവശ്യങ്ങള്‍ കഴിഞ്ഞും മിച്ചമുണ്ടാകുമെന്നാണ്‌ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്‌. ഈ കണക്കുകള്‍ക്കപ്പുറം, ക്രമാനുഗതമായി ഫോസില്‍ ഇന്ധനങ്ങളുടെ എണ്ണം കുറച്ച്‌ കൊണ്ടുവരാം എന്നുള്ളതാണ്‌ ഇതിലുള്ള ഗുണപരമായ കാര്യം. നിലവില്‍ ഇന്ത്യയുടെ ഊര്‍ജ്ജോല്‍പാദനത്തില്‍ കല്‍ക്കരി 51%വും എണ്ണ 36%വും പ്രകൃതിവാതകങ്ങള്‍ 8%വുമാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ തന്നെ കല്‍ക്കരിയുടെ 51% ഉപയോഗം അടുത്ത 40 വര്‍ഷക്കാലം തുടര്‍ന്ന്‌ പോയാല്‍ കല്‍ക്കരിയുടെ നിക്ഷേപം ഒട്ടു മുക്കാലും തീരുകയും ചെയ്യും. സ്വാഭാവികമായും രാജ്യത്തിണ്റ്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ പകുതിയിലധികവും സംഭാവന ചെയ്യുന്ന കല്‍ക്കരി നിക്ഷേപത്തിണ്റ്റെ കുറവ്‌ ഭാവിയില്‍ മറ്റ്‌ ഊര്‍ജ്ജ മേഖലയിലേക്ക്‌ നീങ്ങേണ്ടിവരും എന്ന മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുക വഴി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ഡൈയോക്സൈഡിണ്റ്റെ അളവ്‌ ഭീമമായ വിധം ഉയര്‍ന്നിരിക്കുന്നു. ആഗോളതാപനത്തിണ്റ്റെ രസതന്ത്രം ഇക്കാര്യത്തില്‍ അതി സങ്കീര്‍ണ്ണമൊന്നുമല്ല. അന്തരീക്ഷത്തിലേക്ക്‌ കത്തിച്ചു കളയുന്ന കാര്‍ബണിണ്റ്റെ ഓരോ പടലവും ആഗോളതാപനത്തിണ്റ്റെ ഗതിവേഗം കൂട്ടുന്നുത്‌ കൊണ്ട്‌ തന്നെ ഇവയുടെ ഉപയോഗം കുറച്ചു കൊണ്ട്‌ മാത്രമേ ഇത്‌ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. ആണവോര്‍ജ്ജത്തിന്‌ ഈ പരിമിതികളെ അപ്പാടെ മറികടക്കാനാവില്ല. ആണ വോര്‍ജ്ജം കൊണ്ട്‌ കൂടുതലും വൈദ്യുതിയാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. ഫോസില്‍ ഇന്ധനങ്ങളാവട്ടെ വാഹനങ്ങള്‍ ഓടിക്കാന്‍ അത്യന്താപേക്ഷികവുമാണ്‌. എങ്കിലും ഒരു പരിധിവരെ ആണവോര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളുടെ പാരിസ്ഥിതിക പരിമിതികളെ മറികടക്കുന്നുണ്ട്‌. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന അളവിലുള്ള ഭീമമായ കുറവാണ്‌ അതിനു കാരണം. ഒരു പൌണ്ട്‌ യുറേനിയം കൊണ്ട്‌ 1500 ടണ്‍ കല്‍ക്കരി കത്തിക്കുമ്പോഴുണ്ടാകുന്ന താപമാണ്‌ ലഭിക്കുന്നത്‌! പക്ഷേ വിവേചനപരമല്ലാതുള്ള ഉപയോഗം ആണവോര്‍ജ്ജത്തെ ദുരന്തപര്യവസായിയാക്കിയ സന്ദര്‍ഭങ്ങളും വിരളമല്ല. ഉക്രൈനിലെ ‘ചര്‍ണോബില്‍’ റിയാക്ടറില്‍ സംഭവിച്ച അണുവികരണ ചോര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടായ ദുരന്തവും ഈരംഗം ആവശ്യപ്പെടുന്ന വലിയ രീതിയിലുള്ള സംരക്ഷണത്തിണ്റ്റെ ആവശ്യകത വിളിച്ചോതുന്നതാണ്‌.

അണുസംഖ്യ കൂടുതലുള്ള മൂലകങ്ങളാണ്‌ ആണവോര്‍ജ്ജത്തിനു വേണ്ടി ഉപയോഗിക്കുന്നത്‌. സാധാരണയായി യുറേനിയം (അണുസംഖ്യ-92), പ്ളൂട്ടോണിയം(94), തോറിയം(90) എന്നിവയാണ്‌ അതിണ്റ്റെ ലഭ്യതയനുസരിച്ചുപയോഗിക്കുന്നത്‌. മൂലധാതു ലോഹങ്ങളുടെ സമ്പുഷ്ടീകരണ (enrichment) ത്തിലൂടെ സമ്പന്നമായ പിണ്ട(mass)ത്തോടു കൂടിയ അണുഘടകങ്ങളെ വിഘടിപ്പിക്കുകയും അതിലൂടെ പുറംതള്ളപ്പെടുന്ന ഭീമമായ താപത്തെ ഊര്‍ജ്ജമായി പരിണാമപ്പെടുത്തുകയുമാണ്‌ ചെയ്യുന്നത്‌. ആണവ റിയാകടറുകളിലാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. ഇത്തരത്തില്‍ ലോകത്ത്‌ 440 റിയാക്ടറുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്‌. കൂടാതെ 69 എണ്ണത്തിണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്‌. യുറേനിയം ഉത്പാദനത്തിണ്റ്റെ 94%വും പത്ത്‌ രാജ്യങ്ങളിലാണ്‌ നടക്കുന്നത്‌. അതില്‍ തന്നെ കാനഡ (28%), ആസ്ട്രേലിയ(23%) വലിയ പങ്ക്‌ വഹിക്കുന്നു. കൂടാതെ കസാക്കിസ്ഥാന്‍, റഷ്യ, നമീബിയ, നൈജര്‍ എന്നീ രാജ്യങ്ങളും ക്രമമായി യുറേനിയം എന്ന മൂലധാതുലോഹം ഖനനം ചെയ്യുന്നുണ്ട്‌. സമ്പുഷ്ടീകരണ പ്ളാണ്റ്റുകള്‍ കൂടുതലും യൂറോപ്പിലാണ്‌. ഫ്രാന്‍സ്‌, ജര്‍മ്മനി, നെതര്‍ലാണ്റ്റ്സ്‌, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങളിലായാണ്‌ പ്ളാണ്റ്റുകളിലധികവും സ്ഥിതി ചെയ്യുന്നത്‌. സ്വാഭാവികമായും സമ്പുഷ്ടീകരണ പ്ളാണ്റ്റുകളുള്ള ഈ രാജ്യങ്ങള്‍ തന്നെയാണ്‌ ആണവോര്‍ജ്ജത്തിണ്റ്റെ വ്യാപാര ഗതിവിഗതികള്‍ നിശ്ചയിക്കുന്നത്‌. റഷ്യയൊഴികെ മറ്റ്‌ അഞ്ച്‌ രാജ്യങ്ങളും ഈ അടിസ്ഥാനത്തില്‍ തന്നെ 1972 ഫെബ്രുവരിയില്‍ പാരീസില്‍ കൂടുകയും ആണവ ഊര്‍ജ്ജത്തിണ്റ്റെകുകുത്തക ഈ രാജ്യങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അത്‌ കമ്പോള വല്‍ക്കരിക്കുന്ന (orderly marketing)നയത്തിന്‌ രൂപം നല്‍കുകയും ചെയ്തു.

1972-ലെ പാരീസ്‌ കൂടിക്കാഴ്ചക്ക്‌ ശേഷം ഒരു ചരക്ക്‌ (commodity) എന്ന രീതിയില്‍ യുറേനിയത്തെ കമ്പോളവല്‍ക്കരിക്കാന്‍ അമേരിക്കക്കും മറ്റ്‌ നാല്‌ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കഴിഞ്ഞു. 1980 വരെ ഈ ‘കച്ചവടം’ അഭംഗുരം തുടരുകയും ചെയ്തു. പക്ഷേ എഴുപതുകള്‍ക്ക്‌ ശേഷം സ്ഥിതിഗതികള്‍ രാഷ്ട്രീയമായി മാറിയപ്പോള്‍ യുറേനിയത്തിണ്റ്റെ “കച്ചവട കൃഷിയില്‍” മന്ദിപ്പുണ്ടായി. ഇതിന്‌ നിദാനമായത്‌, യൂറോപ്പില്‍ നിന്ന്‌ തന്നെയുള്ള പാരിസ്ഥിതിക-സുരക്ഷാ കാരണങ്ങളും കൂടാതെ ലോകത്ത്‌ മറ്റ്‌ ചില രാജ്യത്ത്‌ ഭീമന്‍ ജലവൈദ്യുതി പദ്ധതികള്‍ വികസിപ്പിച്ചെടുത്തതുമായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ 1989 കാലത്ത്‌ അസംസ്കൃത യുറേനിയത്തിണ്റ്റെ (yellow cake) വില ഒരു പൌണ്ടിന്‌ 10 ഡോളറില്‍ താഴെയായി. തൊണ്ണൂറുകളില്‍ ലോക രാഷ്ട്രീയത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ യുറേനിയത്തിണ്റ്റെ വ്യാപാര പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമായി. സോവിയറ്റ്‌ യൂനിയണ്റ്റെ തകര്‍ച്ചയും ശീതകാല യുദ്ധം അവസാനിച്ചതും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ അമേരിക്കക്ക്‌ സഹായകരമായി. 2007 ജനുവരിയില്‍ യുറേനിയത്തിണ്റ്റെ വില ലോകമാര്‍ക്കറ്റില്‍ റെക്കോര്‍ഡായിരുന്നു. വിലയുയര്‍ത്തി നിര്‍ത്തിക്കൊണ്ട്‌ തന്നെ യുറേനിയം വ്യാപാരം ചെയ്യാന്‍ കഴിയുന്ന എല്ലാ അടിസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ന്‌ അമേരിക്കക്ക്‌ മുമ്പിലുണ്ട്‌. ഇന്ത്യയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്തോ-അമേരിക്കന്‍ ആണവ സഹകരണ കരാറായ, കരാര്‍ ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്താണെന്ന്‌ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത്‌ കൌതുകകരമായിരിക്കും.

അമേരിക്കയുടെ ആണവ കരാര്‍ നയപരമായി തീരുമാനിക്കുന്നത്‌ 1954-ല്‍ അവര്‍ പാസാക്കിയ AEA (Atomic Energy Act) ആണ്‌. ഈ നിയമത്തിലെ 123 സെക്ഷന്‍ പ്രകാരം മറ്റ്‌ രാജ്യങ്ങളുമായി ഉഭയകക്ഷികരാറു വഴി ആണവ സഹകരണം നടത്താമെന്നും, അത്‌ എങ്ങനെയൊക്കെ ആവാമെന്ന്‌ ഓരോ രാജ്യത്തിണ്റ്റെയും പ്രത്യേകമായ അവസ്ഥ പരിഗണിച്ചുകൊണ്ട്‌ AEA സെക്ഷന്‍ 123 പ്രകാരമുള്ള കരാര്‍ ഉണ്ടാക്കാമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്‌. ആസ്ത്രേലിയ മുതല്‍ ഉക്രൈന്‍ വരെയുള്ള രാജ്യങ്ങളുമായി എങ്ങനെയാണ്‌ ആണവ സഹകരണം എന്നത്‌ സെക്ഷന്‍ 123 വിശദീകരിക്കുന്നുണ്ട്‌.

ഇന്ത്യയില്‍ ഈ കരാര്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌. അമേരിക്കയുടെ മുന്‍കാല ചരിത്രം പ്രത്യേകിച്ചും വികസന പാതയിലൂടെ മുന്നേറിക്കെണ്ടിരിക്കുന്ന ഒരു ഏഷ്യന്‍ രാജ്യത്തിന്‌ ഒട്ടും ഗുണകരമല്ലാത്ത സന്ദേശമാണ്‌ നല്‍കുന്നത്‌. രാജ്യത്തിനകത്ത്‌ പ്രതിപക്ഷമായ ബി.ജെ.പി കരാറിനെ എതിര്‍ക്കുന്നത്‌ യാഥാസ്ഥിക പ്രതിപക്ഷത്തിണ്റ്റെ പേരിലാണെങ്കില്‍ കോഗ്രസ്സിലെ തന്നെ പാരമ്പര്യവാദികള്‍, ഒട്ടുമിക്ക ശാസ്ത്രജ്ഞര്‍, എഴുത്തുകാരും ബുദ്ധിജീവികളും കരാറിനെ എതിര്‍ക്കുന്നത്‌ അവഗണിക്കാനാവില്ല. മറുവശത്ത്‌ ഇടതുപക്ഷങ്ങള്‍ അവരുടെ ചരിത്രപരമായ കടമ എന്നുള്ള രീതിയില്‍ തന്നെയാണ്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അമേരിക്കയുമായുള്ള ഈ കരാറിനെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

ഈ കരാര്‍ കച്ചവടത്തില്‍ പറയുന്നത്‌ അടുത്ത 40 വര്‍ഷത്തേക്ക്‌ ഇന്ത്യ കഷ്ടപ്പെട്ട്‌ ഊര്‍ജ്ജമേഖലയില്‍ ഗവേഷണം നടത്തേണ്ടതില്ല, രാജ്യത്തിണ്റ്റെ ആഭ്യന്തര വികസനത്തിനു വേണ്ട ഊര്‍ജ്ജം ഉല്‍പാദിപ്പിക്കനാവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ അമേരിക്ക ഒരുക്കിത്തരും എന്നാണ്‌. ഒരു ഉഭയകക്ഷി കരാറില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച്‌ ധാരാളമുണ്ട്‌, എന്താണ്‌ ആമേരിക്കയുടേ നേട്ടമെന്ന്‌ നോക്കേണ്ടത്‌ കച്ചവടത്തിലെ സാമാന്യബുദ്ധിയാണ്‌. അമേരിക്കയുടേ നേട്ടം “ഹൈഡ്‌” (മറച്ചു വെച്ചത്‌) എന്നാണ്‌ അപ്പോള്‍ കാണാന്‍ കഴിയുന്നത്‌. അത്‌ 2006 ഡിസംബറില്‍ അമേരിക്കന്‍ കോഗ്രസ്സ്‌ പാസാക്കിയ ഹൈഡ്‌ ആക്റ്റില്‍, അവരുടെ വളഞ്ഞ ഭാഷ കൃത്യമായി പറയുന്നുണ്ട്‌. ചില വസ്തുക്കള്‍ കരാറുമായി അമേരിക്കക്ക്‌ നേരിട്ടുള്ള നേട്ടം ഉണ്ടാക്കിക്കൊടുന്നുണ്ടെന്ന്‌ കാണിക്കുന്നു. ഈ കച്ചവടം വഴി അമേരിക്കയുടെ പ്രത്യക്ഷ നേട്ടം 85 ബില്യന്‍ ഡോളറാണ്‌. അതായത്‌ 3,57,000 കോടി രൂപയുടെ നേരിട്ടുള്ള നേട്ടം. ഇതിലെ രാഷ്ട്രീയ-സാമൂഹിക പാരിസ്ഥിതിക നേട്ടം ഇതിലേറെ കൂടുതലാണ്‌.

അമേരിക്കയുടെ യുറേനിയം ‘സൈഡ്‌ സ്റ്റോക്കും’ അതു പോലെ അനുബന്ധസാമഗ്രികളും കാത്തു സൂക്ഷിക എന്നത്‌ അവര്‍ക്ക്‌ വളരെ ചെലവേറിയ ഏര്‍പ്പാടാണ്‌. ഇത്തരം ഒരവസ്ഥയില്‍, യുദ്ധസാഹചര്യങ്ങള്‍ സൃഷ്ടിച്ച്‌ ആണവ ഇന്ധനം വില്‍ക്കുന്ന ഒരവസ്ഥയെക്കുറിച്ച്‌ 9/11നു ശേഷമെങ്കിലും അത്‌ തീക്കളിയായിരിക്കുമെന്ന്‌ അവര്‍ക്ക്‌ ബോദ്ധ്യപ്പെതാണ്‌. ഈ സാഹചര്യത്തില്‍ തന്ത്രപരമായ നയരൂപീകരണത്തിണ്റ്റെ ചുവട്‌ പിടിച്ച്‌ മോഹവിലക്ക്‌ ഒരു വലിയ ജനാധിപത്യത്തെ മാര്‍ക്കറ്റില്‍ ഇറങ്ങിയേക്കാമെന്ന്‌ അമേരിക്ക തീരുമാനിക്കുന്നത്‌. ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയും അമേരിക്കക്ക്‌ അനുകൂലമായി.

ഇടതുപക്ഷം ഉയര്‍ത്തുന്ന വാദം കരാറിലടങ്ങിയ ഇന്ത്യക്ക്‌ സംഭവിച്ചേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ വിശാലമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്‌ എന്നാണ്‌. എന്നാല്‍ തുടക്കത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രതികരിച്ചത്‌ കരാറിലെ ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച്‌ ഇടതുപക്ഷത്തെ, ഗവര്‍മെണ്റ്റിനെ മറിച്ചിടാമെന്ന വെല്ലുവിളി ഉയര്‍ത്തിയാണ്‌ ! ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ലാത്ത രീതിയാണ്‌ ഇത്‌.

Advertisements

ഒരു പ്രതികരണം to “മറഞ്ഞിരിക്കുന്ന കുതന്ത്രം”

  1. വളരെ നല്ല ലേഖനം….


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: