കേളി
കേളി കലാസാംസ്കാരിക വേദി

ഇന്ത്യന്‍ ക്രിക്കറ്റിലെ കോര്‍പ്പറേറ്റ്‌ യുദ്ധം

സീ ടെലിഫിലിംസ്‌ ഉടമ സുഭാഷ്‌ ചന്ദ്ര ഗോയലും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും നടത്തുന്ന കോര്‍പ്പറേറ്റ്‌ യുദ്ധമാണ്‌ ഇന്ന്‌ കളിയെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. ഐ.സി.എല്ലിണ്റ്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നഷ്ടമാകാമായിരുന്ന കുത്തക തിരികെ പിടിക്കുകയാണ്‌ ബി.സി.സി.ഐ സ്വന്തം ക്രിക്കറ്റ്‌ ലീഗ്‌ പ്രഖ്യാപനത്തോടെ ചെയ്തത്‌. പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റെന്ന പേരില്‍ ഇന്ത്യയില്‍ ക്ളബ്‌ ക്രിക്കറ്റ്‌ ആരംഭിക്കാന്‍ പത്തുവര്‍ഷം മുമ്പ്‌ പദ്ധതിയിട്ട ബി.സി.സി.ഐയ്ക്ക്‌ അതു വൈകിയെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞത്‌ ഐ.സി.എല്‍ ചുരുങ്ങിയകാലം കൊണ്ട്‌ നേടിയെടുത്ത പ്രാധാന്യമാണ്‌ 

സീ-ടെലിഫിലിംസ്‌ ഉടമ സുഭാഷ്ചന്ദ്രയുടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്‌ വൈകിയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിണ്റ്റെ മറുപടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ആശയമാണ്‌ പുതിയവീഞ്ഞായ ട്വണ്റ്റി 20 മാതൃകയില്‍ ബി.സി.സി.ഐ അവതരിപ്പിച്ചത്‌. അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിലവതരിപ്പിക്കാനുദ്ദേശിക്കുന്ന ഐ.പി.എല്ലിനു പുറമെ, ഓസ്ട്രേലിയ, ഇംഗ്ളണ്ട്‌, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ രണ്ട്‌ ചാമ്പ്യന്‍ ടീമുകള്‍ വീതം പങ്കെടുക്കുന്ന ചാമ്പ്യന്‍സ്‌ ലീഗിനും ബി.സി.സി.ഐ രൂപം നല്‍കി. ഒട്ടാകെ 35 കോടി രൂപ സമ്മാനത്തുകയുള്ള ഈ വമ്പന്‍ പദ്ധതി ക്രിക്കറ്റ്‌ ബോര്‍ഡ്‌ അവതരിപ്പിച്ചതോടെ, പ്രതീക്ഷയോടെ പ്രഖ്യാപിച്ച സുഭാഷ്‌ ചന്ദ്രയുടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ പ്രതിസന്ധിയിലുമായി.

ഐ.പി.എല്ലിന്‌ ഐ.സി.എല്ലിണ്റ്റെ മറുപടി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ പോരാടാന്‍ ഐ.സി.എല്ലിന്‌ പദ്ധതിയില്ലെന്ന്‌ കപില്‍ദേവിണ്റ്റെ പ്രഖ്യാപനമല്ലാതെ മറ്റൊരു മറുപടിയും എതിര്‍പക്ഷത്തുനിന്നുണ്ടായിട്ടില്ല. നാലരക്കോടി സമ്മാനത്തുക പ്രഖ്യാപിച്ച ഐ.സി.എല്ലിന്‌ 35കോടിയുടെ സമ്മാനമാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയ മറുപടി. കാശിനെ കാശുകൊണ്ട്‌ നേരിടുകയെന്ന കോര്‍പ്പറേറ്റ്‌ തന്ത്രമാണ്‌ ബോര്‍ഡ്‌ പയറ്റുന്നത്‌. ക്രിക്കറ്റ്‌ ലോകത്തെ ഈ കോര്‍പ്പറേറ്റ്‌ യുദ്ധമാണ്‌ ഇപ്പോള്‍ ക്രിക്കറ്റിനേക്കാള്‍ വലിയ സംസാര വിഷയം. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൌണ്‍സിലിണ്റ്റെയും ടെസ്റ്റ്‌ പദവിയുള്ള എല്ലാ രാജ്യങ്ങളുടെയും പിന്തുണയോട ബി.സി.സി. ഐ പ്രഖ്യാപിച്ച ക്രിക്കറ്റ്‌ ലീഗ്‌ ഐ.സി. എല്ലിണ്റ്റെ നടുവൊടിക്കുന്നതായി.

രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പുള്ള ടീമുകളാണ്‌ അടുത്ത ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ നടക്കുന്ന പ്രീമിയര്‍ ലീഗില്‍ കളിക്കുക. മുപ്പതോളം സ്ഥാപനങ്ങള്‍ ഇതിനു തയ്യാറായി എത്തിയിട്ടുണ്ടെന്ന്‌ ലീഗ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ലളിത്‌ മോഡി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിണ്റ്റെ വികസനത്തിനും പുതിയ താരങ്ങളുടെ വരവിനും പ്രാധാന്യം നല്‍കുന്ന പ്രീമിയര്‍ ലീഗ്‌ ഇംഗ്ളണ്ടിലെ ഫുട്ബോള്‍ ലീഗായ പ്രീമിയര്‍ ലീഗിനെയാണ്‌ മാതൃകയാക്കുന്നത്‌.

16 കളിക്കാര്‍ വീതമുള്ള ടീമുകളാണ്‌ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുക. ടീമിണ്റ്റെ ആസ്ഥാനത്തുനിന്നുള്ളവരായിരിക്കും ഇതില്‍ നാലുപേര്‍. നാലുപേര്‍ അണ്ടര്‍-21 വിഭാഗത്തില്‍ നിന്നുള്ളവരും. ദേശീയ താരങ്ങള്‍ക്കും ലീഗില്‍ പങ്കെടുക്കാം. 44 ദിവസമാണ്‌ ലീഗ്‌ നടക്കുക. ഒട്ടാകെ 59 മത്സരങ്ങള്‍. സമ്മാനത്തുക 13 കോടി രൂപ. ഇതിനുശേഷമാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ വരിക. നാലു രാജ്യങ്ങളില്‍നിുള്ള എട്ടുടീമുകള്‍. സമ്മാനത്തുക 22 കോടി രൂപ. ടെസ്റ്റ്‌ രാജ്യങ്ങളുടെയെല്ലാം പിന്തുണയോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റില്‍ പുതിയ വിപ്ളകരമായ മാറ്റങ്ങള്‍ക്ക്‌ വഴിതെളിക്കുമെന്ന്‌ ബി.സി.സി.ഐ പറയുന്നു.

സംപ്രേഷണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ ലോക ക്രിക്കറ്റില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ച കെറി പാക്കര്‍ സീരീസിണ്റ്റെ പിറവിക്ക്‌ കാരണമായത്‌. ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ നയണ്റ്റെ വാണിജ്യ താല്‍പര്യങ്ങളാണ്‌ കെറി പാക്കറെന്ന ബുദ്ധിരാക്ഷസണ്റ്റെ മനസ്സില്‍വേള്‍ഡ്‌ സീരീസ്‌ ക്രിക്കറ്റെന്ന ആശയം ഉണര്‍ത്തിയത്‌. ഏകദിന ക്രിക്കറ്റിണ്റ്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പാക്കര്‍ സീരീസിനു സമാനമായ പരീക്ഷണമായിരുന്നു സി ടെലിഫിലിംസ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിലൂടെയും ലക്ഷ്യമിട്ടത്‌. ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായ ക്രിക്കറ്റിണ്റ്റെ സംപ്രേഷണാവകാശം കിട്ടാതിരുന്നതിണ്റ്റെ വാശിയാണ്‌ സുഭാഷ്‌ ചന്ദ്രയെ സമാന്തര ലീഗിലേക്കു നയിച്ചത്‌. ആഭ്യന്തര ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മുന്‍നിര താരങ്ങള്‍ ഐ.സി.എല്ലിലേക്ക്‌ ഒഴുകിത്തുടങ്ങുകയും ചെയ്തു.

എന്നാല്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സ്വന്തം ലീഗുമായി രംഗത്തെത്തിയതോടെ, ക്രിക്കറ്റ്‌ ലോകം ഐ.സി.എല്ലിനോട്‌ കാണിച്ച ആവേശം തെല്ലൊന്നടങ്ങിയിട്ടുണ്ട്‌. ഐ.സി.എല്ലില്‍ ചേരുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ഷെയ്ന്‍ വോണിനെയും ഗ്ളെന്‍ മഗ്രാത്തിനെയും ന്യൂസീലന്‍ഡ്‌ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിനെയുമടക്കമുള്ള വലിയ താരങ്ങളെ മടക്കിക്കൊണ്ടുവരാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനു സാധിച്ചു. കൊഴിഞ്ഞുപോയവര്‍ കൂട്ടത്തോടെ തിരിച്ചുവരുമെന്നും ഐ.സി. എല്ലിനെ മുളയിലേ നുള്ളിക്കളയാനാവുമെന്നും ബി.സി.സി.ഐ കണക്കുകൂട്ടുന്നു.

ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ്ങ്‌ കോര്‍പ്പറേഷന്‍ അടക്കിവെച്ചിരുന്ന ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പാക്കറുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്‌ സമാന്തര ക്രിക്കറ്റെ ആശയം 1976ല്‍ കെറി പാക്കറുടെ മനസ്സില്‍ ജനിപ്പിച്ചത്‌. ഇന്ത്യയിലെ ക്രിക്കറ്റ്‌ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുവേണ്ടി 2006ല്‍ നടത്തിയ സീയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ാണ്‌ സമാന്തര ലീഗെന്ന ആശയം സുഭാഷ്‌ ചന്ദ്രയുടെ മനസ്സില്‍ ജനിക്കുത്‌.

പാക്കര്‍ സീരീസ്‌ അക്കാലത്ത്‌ ആകര്‍ഷകമായ ഏകദിന ക്രിക്കറ്റിനെയാണ്‌ ഉപയോഗിച്ചതെങ്കില്‍ ഐ.സി.എല്‍ ഇന്ന്‌ പ്രചാരത്തിലേക്ക്‌ കുതിക്കുന്ന ട്വണ്റ്റി 20 ക്രിക്കറ്റിനെയാണ്‌ ആശ്രയിക്കുന്നത്‌. ആറു ടീമുകളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലായി ഐ.സി. എല്ലിണ്റ്റെ ട്വണ്റ്റി 20 ടൂര്‍ണമെണ്റ്റ്‌ നടക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ശക്തമായ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന ഐ.സി.എല്ലിണ്റ്റെ ഘടന യുവതാരങ്ങളുടെ വളര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുന്നതാണ്‌.

ഏതെങ്കിലും മുന്‍ ഇന്ത്യന്‍ താരം പരിശീലിപ്പിക്കുന്ന ആറ്‌ ടീമുകളാണ്‌ ലീഗില്‍ പങ്കെടുക്കുന്നത്‌. ഓരോ ടീമിലും നാല്‌ വിദേശി താരങ്ങളും രണ്ട്‌ മുന്‍ ഇന്ത്യന്‍ താരങ്ങളുമുണ്ടാകും. ശേഷിക്കുന്ന എട്ടുപേര്‍ ആഭ്യന്തര ക്രിക്കറ്റിലെ യുവ പ്രതിഭകളാണ്‌. രാജ്യത്തെമ്പാടും ക്രിക്കറ്റ്‌ അക്കാദമികള്‍ തുടങ്ങാനും ഐ.സി. എല്ലിന്‌ പദ്ധതിയുണ്ട്‌. പത്തുലക്ഷം ഡോളറാണ്‌ ജയിക്കുന്ന ടീമിനു ലഭിക്കുക.

കെറി പാക്കര്‍ തണ്റ്റെ സംരംഭത്തിണ്റ്റെ വിജയത്തിന്‌ ആദ്യം ആശ്രയിച്ചത്‌ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലിനെയായിരുന്നു. സുഭാഷ്‌ ചന്ദ്രയും നടക്കുന്നത്‌ അതേ വഴിയെ തന്നെ. ഇന്ത്യയുടെ ലോകകപ്പ്‌ നേടിയ ക്യാപ്റ്റന്‍ സാക്ഷാല്‍ കപില്‍ ദേവാണ്‌ ലീഗിണ്റ്റെ എക്സിക്യുട്ടീവ്‌ ബോര്‍ഡിണ്റ്റെ ചെയര്‍മാന്‍. ദേശീയ ക്രിക്കറ്റ്‌ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കപില്‍ ദേവിനെ പുറത്താക്കിക്കൊണ്ട്‌ ഐ.സി.എല്ലിനോടുള്ള എതിര്‍പ്പ്‌ ബി.സി.സി.ഐ പ്രഖ്യാപിക്കുകയും ചെയ്തു. കപിലിനു പുറമെ, ടോണി ഗ്രെയ്ഗ്‌, ഡീന്‍ ജോണ്‍സ്‌, കിരണ്‍ മോറെ എന്നിവരും ബോര്‍ഡിലുണ്ട്‌.

ബി.സി.സി.ഐയുടെയും അതുവഴി അന്താരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷണ്റ്റെയും പിന്തുണയില്ലാതെയാണ്‌ ഐ.സി.എല്‍ വരുന്നത്‌. ഐ.സി.എല്ലിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നു പറഞ്ഞ ബി.സി.സി.ഐ ലീഗുമായി സഹകരിക്കുന്ന താരങ്ങളെ വിലക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ക്രിക്കറ്റ്‌ ബോര്‍ഡിണ്റ്റെ ഭീഷണികള്‍ക്കും വിലക്കുകള്‍ക്കും പിടികൊടുക്കാതെ ഐ.സി.എല്‍ കുതിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്‌ കണ്ടത്‌. ആഭ്യന്തര ക്രിക്കറ്റിലെ ഒരു പിടി സുപ്രധാന താരങ്ങളാണ്‌ ഐ.സി.എല്ലില്‍ എത്തിയിരിക്കുന്നത്‌. അമ്പാട്ടി റായിഡു, അനിരുദ്ധ സിങ്ങ്‌, ദിനേഷ്‌ മോംഗിയ, ഹേമാങ്ങ്‌ ബദാനി, ജെ.പി.യാദവ്‌, റീതീന്ദര്‍ സോധി, എസ്‌. ശ്രീറാം, യശ്പാല്‍ സിങ്ങ്‌, ദീപ്‌ ദാസ്‌ ഗുപ്ത, രോഹന്‍ ഗാവസ്കര്‍ തുടങ്ങി മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ട്‌.

വിദേശത്തുനിന്നും ഒട്ടേറെ പ്രമുഖരെ ആകര്‍ഷിക്കാനായി എന്നതും ഐ.സി.എല്ലിണ്റ്റെ നേട്ടമാണ്‌. മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍, മുഹമ്മദ്‌ യൂസഫ്‌, ഇമ്രാന്‍ ഫര്‍ഹത്‌, അബ്ദുല്‍ റസാഖ്‌, അസര്‍ മെഹമൂൂദ്‌ എന്നിവരാണ്‌ പാകിസ്താനില്‍നിന്നും ലീഗില്‍ ചേരുമെന്ന്‌ അറിയിച്ചത്‌. മുന്‍ വിന്‍ഡീസ്‌ നായകനും ഇതിഹാസ താരവുമായി ബ്രയന്‍ ലാറയും ലാന്‍സ്‌ ക്ളൂസ്നര്‍, നിക്കി ബോയെ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ലീഗിലെത്തുമെന്ന്‌ പിന്നാലെ പ്രഖ്യാപിക്കപ്പെട്ടു.

ഓസ്ട്രേലിയയുടെ മുന്‍ താരങ്ങളായ ഗ്ളെന്‍ മഗ്രാത്ത്‌, ജസ്റ്റിന്‍ ലാംഗര്‍, ഷെയ്ന്‍ വോണ്‍, ന്യൂസീലന്‍ഡിണ്റ്റെ ക്യാപ്റ്റനായിരു സ്റ്റീഫന്‍ ഫ്ളെമിങ്ങ്‌, പേസ്‌ ബൌളര്‍ ഷെയ്ന്‍ ബോണ്ട്‌, മുന്‍ താരങ്ങളായ ക്രിസ്‌ ഹാരിസ്‌, ക്രിസ്‌ കെയ്ന്‍സ്‌, ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പട്ടു, ചാമിന്ദ വാസ്‌, റസല്‍ ആര്‍നോള്‍ഡ്‌, സനത്‌ ജയസൂര്യ, ഉപുല്‍ ചന്ദന തുടങ്ങിയ കരിയര്‍ അവസാനിച്ചവരും അല്ലാത്തവരുമായ സുപ്രധാന താരങ്ങളെല്ലാം തന്നെ ഐ.സി. എല്ലിലേക്കെത്തുമെന്ന ശ്രുതി പരന്നിരുന്നുവെങ്കിലും ഇവരില്‍ പലരും ബി.സി.സി.ഐയുടെ ലീഗ്‌ വന്നതോടെ അതിലേക്ക്‌ മാറാന്‍ തയ്യാറായത്‌ ഐ.സി.എല്ലിന്‌ തിരിച്ചടിയായി. ഫെ്ളമിങ്ങും മഗ്രാത്തും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പ്രഖ്യാപിച്ച വേളയില്‍ സംബന്ധിച്ചിരുന്നു. വോണ്‍ ലീഗിനുള്ള പിന്തുണ ലണ്ടനില്‍നിന്നറിയിക്കുകയും തൊട്ടുപിറ്റേന്ന്‌ അതില്‍ ചേരുതായി പ്രഖ്യാപിക്കുകയും ചെയ്തു.

അന്താരാഷ്ട്ര താരങ്ങള്‍ ബി.സി.സി. ഐയുടെ ലീഗിലേക്ക്‌ പോകാനുള്ള സാധ്യതയേറെയാണ്‌. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ പിന്തുണയുള്ള ടീമുകളില്‍ സ്ഥാനം നേടാനായാല്‍ കിട്ടാവുന്ന വലിയ വരുമാനങ്ങളാണ്‌ ഇതിനവരെ പ്രേരിപ്പിക്കുക. ഇത്രകാലവും ഇന്ത്യയിലെ ക്രിക്കറ്റ്‌ താരങ്ങളൊഴികെയുള്ളവര്‍ക്ക്‌ കാര്യമായ വരുമാനം അവകാശപ്പെടാവുന്ന നിലയുണ്ടായിരുന്നില്ല. എന്നാല്‍ ഐ.പി.എല്‍ വരുതോടെ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ ഫുട്ബോള്‍ താരങ്ങളെപ്പോലെ വിലകുതിച്ചുകയറുമൊണ്‌ പ്രതീക്ഷ.

ഐ.സി.എല്ലിന്‌ സീ ടെലിവിഷണ്റ്റെ മാത്രം പിന്തുണയാണുള്ളത്‌. ബി.സി.സി.ഐക്ക്‌ സ്പോര്‍ടസ്‌ രംഗത്തെ വന്‍കിട ചാനലുകളുമായി കരാറിലേര്‍പ്പെടാമെന്നത്‌ പ്രീമിയര്‍ ലീഗിനെ കൂടുതല്‍ കാഴ്ചക്കാരിലെത്തിക്കാനുള്ള അവസരവും തുറന്നിടുന്നു.

രാജ്യത്തെ സ്റ്റേഡിയങ്ങളും മൈതാനങ്ങളും വിട്ടുകൊടുക്കില്ലെന്ന കര്‍ശന നിലപാടാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഐ.സി.എല്ലിനോട്‌ സ്വീകരിച്ചത്‌. എന്നാല്‍ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ്‌ യാദവ്‌ റെയില്‍വേയുടെ പൂര്‍ണ സഹകരണം ഐ.സി എല്ലിന്‌ വാഗ്ദാനം ചെയ്തു. അതിനിടെ, ഡല്‍ഹി ഹൈക്കോടതിയുടെ വിധിയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനനുകൂലമായി. താരങ്ങളെ വിലക്കുകയും സ്റ്റേഡിയങ്ങള്‍ കൈയടക്കിവെക്കുകയും ചെയ്യുന്ന ബി.സി.സി.ഐ നിലപാടിനെതിരെയാണ്‌ ഐ.സി.എല്‍ കോടതിയിലെത്തിയത്‌. താരങ്ങളെ പീഡിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന്‌ ബി.സി.സി.ഐയോടും അനുബന്ധ സംസ്ഥാന അസോസിയേഷനുകളോടും കോടതി ആവശ്യപ്പെട്ടു. ലീഗില്‍ ചേരുന്നതിണ്റ്റെ പേരില്‍ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

ലാലു പ്രസാദ്‌ യാദവിനു പിന്നാലെ പശ്ചിമബംഗാള്‍ സര്‍ക്കാരും ഐ.സി.എല്ലിനു പിന്തുണയുമായി രംഗത്തെത്തി. ചരിത്ര പ്രാധാന്യമുള്ള, ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ്‌ മൈതാനമായ ഈഡന്‍ ഗാര്‍ഡനടക്കമുള്ള മൈതാനങ്ങള്‍ ഐ.സി.എല്ലിനു വിട്ടുകൊടുക്കാമെന്ന്‌ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചത്‌ ലീഗിന്‌ വലിയ നേട്ടമായി.

ഇന്ത്യന്‍ ക്രിക്കറ്റ്‌ കാലങ്ങളായി കൊതിക്കുന്ന ഗതിമാറ്റമാണ്‌ ഐ.സി.എല്ലിണ്റ്റെ വരവോടെ തുടക്കമായത്‌. പ്രീമിയര്‍ ലീഗുകൂടിയെത്തിയതോടെ, ക്രിക്കറ്റ്‌ ഇന്ത്യയിലെ കൂടുതല്‍ താരങ്ങള്‍ക്ക്‌ ഉപജീവന മാര്‍ഗ്ഗമായി മാറും. ക്രിക്കറ്റ്‌ വലിയൊരു വ്യവസായമാവുകയും പണസമ്പാദനത്തിണ്റ്റെ മാര്‍ഗമാവുകയും ചെയ്തതോടെ ലാഭക്കൊതിയനായ കച്ചവടക്കാരണ്റ്റെ മനോഭാവം സ്വീകരിച്ച ബി.സി.സി.ഐക്ക്‌ അതില്‍ നിന്ന്‌ മാറിച്ചിന്തിക്കാന്‍ പ്രേരണ നല്‍കിയെന്നതാണ്‌ സുഭാഷ്‌ ചന്ദ്രയുടെ ലീഗിണ്റ്റെ പ്രാധാന്യം. അധികാര വടംവലിയിലും രാഷ്ട്രീയ കച്ചവടങ്ങളിലും കുരുങ്ങിക്കിടന്ന ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ആഭ്യന്തര ക്രിക്കറ്റിണ്റ്റെ വളര്‍ച്ചയ്ക്കുവേണ്ടി ഇനി നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. രാജ്യത്തിണ്റ്റെ മുക്കിലും മൂലയിലും ക്രിക്കറ്റെത്തിക്കുകയെന്നത്‌ പുതിയ സാഹചര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അത്യന്താപേക്ഷിതമായിക്കഴിഞ്ഞു.

മത്സരം മുറുകുന്നത്‌ ഫലത്തില്‍ ഗുണം ചെയ്യുക ഇന്ത്യന്‍ ക്രിക്കറ്റിനാണ്‌. രണ്ടു ലീഗുകളിലും പരസ്പരം മത്സരിക്കുമ്പോളും ഇന്ത്യയെന്ന വികാരത്തിണ്റ്റെ പേരിലെങ്കിലും എവിടെയെങ്കിലും ഒന്നിക്കാനായാല്‍ അത്‌ ഗുണം ചെയ്യുക ഇന്ത്യന്‍ ടീമിനാകും.ക്രിക്കറ്റ്‌ ബോര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗും അത്തരമൊരു മനംമാറ്റത്തിനു തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കുകമാത്രമാണ്‌ പ്രേക്ഷകണ്റ്റെ മുന്നില്‍ ഇപ്പോഴുള്ള മാര്‍ഗം.

Advertisements

പ്രതികരണങ്ങള്‍ ഇല്ല to “ഇന്ത്യന്‍ ക്രിക്കറ്റിലെ കോര്‍പ്പറേറ്റ്‌ യുദ്ധം”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: